Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

സംസാരിക്കുന്ന കത്തുകള്‍

$
0
0
പി.ജി. ഹരികുമാര്‍

(www.kasargodvartha.com 15.07.2014) ഇബ്രഹിം ചെര്‍ക്കള എഴുതിയ 'കീറിക്കളയാത്ത ചില കുറിമാനങ്ങള്‍'എന്ന പുസ്തകമാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്. നിരവധി കഥകളും നോവലുകളും അദ്ദേഹം എഴുതിയിട്ടുണ്ട്. അനുകാലികങ്ങളിലും പുസ്തകത്തിലും അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഈ പുസ്തകത്തെ ലേഖനങ്ങളുടെയോ ഓര്‍മക്കുറിപ്പുകളുടെയോ ഗണത്തില്‍ പെടുത്താം. കത്തുകളെയും കത്തെഴുത്തിനെപ്പറ്റിയുമാണ് ഈ ലേഖനങ്ങള്‍. ജീവിതത്തില്‍  ഒരിക്കലെങ്കിലും ഒരു കത്തു ലഭിക്കാത്തതോ, എഴുതാത്തതോ ആയ ആളുകള്‍ നമുക്കിടയില്‍ വിരളമാണ്. രണ്ടു വ്യക്തികള്‍ തമ്മില്‍ കത്തിടപാട് നടത്തുമ്പോള്‍ അതു അവരുടെ നിത്യജീവിതത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തെ സ്വാധീനിക്കും. ചിലപ്പോള്‍ അതു താത്ക്കാലികമാകാം. മറ്റു ചിലപ്പോള്‍ അത് ജീവിതത്തിന്റെ വഴി തന്നെ തിരിച്ചു വിട്ടേക്കാം. അത്തരത്തില്‍ തന്റെ ജീവിതത്തെ സ്വാധീനിച്ച ചില കത്തുകളിലൂടെ, കത്തെഴുത്തിന്റെ വിവിധ തലങ്ങളെ വായനക്കാര്‍ക്കു മുമ്പില്‍ വിടര്‍ത്തുകയാണ് ഇബ്രാഹിം.

കത്തെഴുത്തിന്റെ ചരിത്രത്തിലെ അവിഭാജ്യ ഘടകങ്ങളാണ് തപാലാപ്പീസും തപാല്‍ ശിപായിയും. ആദ്യത്തെ ലേഖനത്തില്‍ തപാലിന്റെ ചരിത്രത്തിനെപ്പറ്റി ചെറുതായി പരാമര്‍ശിക്കുന്നുണ്ട്.  ഇന്ന് തപാല്‍ വഴി ലഭിക്കുന്ന കത്തുകള്‍ പലതും അറിയിപ്പുകളും ഉത്തരവുകളുമാണ്. ഹൃദയത്തിന്റെ ഭാഷയില്‍ എഴുതപ്പെടുന്ന കത്തുകള്‍ തുലോം ചുരുക്കം. അത്തരം കത്തുകള്‍ ലഭിച്ചിട്ടുള്ളവര്‍ക്കു മാത്രമേ അതു നല്‍കുന്ന ആഹ്ലാദത്തിന്റെയും സംതൃപ്തിയുടെയും വ്യാപ്തി മനസിലാകൂ. കത്തെഴുത്തിനെ, ലേഖകന്‍ പുരോഗതിയുടെ പാതയില്‍ നഷ്ടപ്പെട്ട ചില നന്മകളിലൊന്നായി കാണുന്നു. ആ കാഴ്ചപ്പാട് ശരിയാണെന്ന് ആ കാലഘട്ടത്തിലൂടെ കടന്നു വന്ന നമുക്ക് അറിയാം.
Article, Ibrahim Cherkala, Book, Keerikkalayatha Chila Kurimanangal, P.G Harikumar
ലേഖകന്റെ ഈ കുറിപ്പുകളെ കാലത്തിന്റെ കണ്ണാടിയിലൂടെ നോക്കിയാല്‍ അതില്‍ ഭൂതകാലം മാത്രമേയുള്ളൂ. വര്‍ത്തമാനവും ഭാവിയുമില്ല. അദ്ദേഹത്തിന്റെ സ്‌കൂള്‍ കാലഘട്ടം മുതല്‍ ഇതെഴുതപ്പെടുന്നതു വരെയുള്ള കാലയളവില്‍ ലഭിച്ച ചില കത്തുകളുടെ  പകര്‍പുകള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്.

ഇതില്‍ പ്രതിപാദിക്കുന്ന മിക്ക കത്തുകളും അദ്ദേഹത്തിന്റെ സാഹിത്യ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഗള്‍ഫ് പ്രവാസികളുടെ ജീവിതത്തില്‍ കത്തുകളുടെ പ്രധാന്യം, കത്തുകളുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങള്‍ എന്നിവ ചില കുറിപ്പുകളില്‍ വര്‍ണിക്കുന്നുണ്ട്. രണ്ടു വ്യാഴവട്ടക്കാലം പ്രവാസിയായിരുന്ന ലേഖകന് അത് സ്വന്തം അനുഭവത്തിന്റെ വിവരണം കൂടിയാണ്.

കത്തുകളുടെ ഗണത്തില്‍ ഏറ്റവും വൈകാരിക തീവ്രതയുള്ള കത്തുകളാണ് പ്രണയ ലേഖനങ്ങള്‍. സ്വകാര്യ കത്തുകളെപ്പറ്റി പറയുന്നയിടത്ത് തന്റെ ആദ്യത്തെ പ്രണയലേഖനത്തെക്കുറിച്ചും വിവരിക്കുന്നു. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ഇനി ഒരിക്കലും നേരില്‍ കാണാന്‍ സാധ്യതയില്ലാത്ത തൂലികാമിത്രങ്ങളുടെ കത്തുകളെക്കുറിച്ചാണ് മറ്റൊരു ലേഖനം. പ്രമുഖ സാഹിത്യകാരന്‍ വി. ആര്‍. സുധീഷ് തന്റെ കൗമാര കാലഘട്ടത്തില്‍ എഴുതിയ ഒരു കത്തും ഇതില്‍പ്പെടും.

തന്റെ സൃഷ്ടികളെക്കുറിച്ചുള്ള കത്തുകളാണ് മറ്റൊരു ലേഖനത്തിലെ വിവരണം. ഒപ്പം കേരളത്തില്‍ നിലവിലിരുന്ന ബുക്ക് ക്ലബ്ബുകളെക്കുറിച്ചും. വായന സാര്‍വ്വജനനീയമാക്കുവാന്‍ ഈ ബുക്ക് ക്ലബ്ബുകള്‍ വഹിച്ച പങ്ക് ചെറുതല്ല.

മഹാകവി കാളിദാസന്റെ രഘുവംശം തുടങ്ങുന്നത് ഇങ്ങനെയാണ്.
'വാഗര്‍ഥാ വിവ സംവ്രക്കൗ
വാഗര്‍ഥ പ്രതിപത്തയേ
ജഗതപിതരൗ വന്ദേ
പാര്‍വ്വതി പരമേശ്വരം'

എന്റെ വാക്കുകള്‍ക്ക് ശരിയായ അര്‍ഥം ലഭിക്കണമെന്ന് വാക്കും അര്‍ഥവും പോലെ യോജിച്ചിരിക്കുന്നവരും ലോകത്തിന്റെ രക്ഷിതാക്കളുമായ പാര്‍വ്വതീ പരമേശ്വരന്‍മാരോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

നിരവധി പുസ്തകങ്ങള്‍ക്കുടമയായ ലേഖകന്റെ ഇനി വരും രചനകളില്‍ ഭാഷ, ഘടന, ശൈലി എന്നിവയില്‍ ഇനിയും കൂടുല്‍ യോജിപ്പ് പ്രതീക്ഷിക്കുന്നു. എങ്കിലും ആധുനിക ജീവിതത്തില്‍ അന്യം നിന്നുപോകുന്ന ഈ നന്മയെക്കുറിച്ച് വായനക്കാര്‍ക്ക്, പ്രത്യേകിച്ച് പുതുതലമുറയ്ക്ക് അറിവു നല്‍കാന്‍ പര്യാപ്തമാണ് കീറിക്കളയാത്ത ചില കുറിമാനങ്ങള്‍.

പുസ്തകത്തെക്കുറിച്ച്  രമേശ് ചെന്നിത്തല എഴുതിയ മുന്‍മൊഴിയില്‍ ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ ഉത്ഭവത്തെക്കുറിച്ചു പറയുന്നുണ്ട്. വി.ആര്‍.സുധീഷിന്റെ അവതാരികയും ശ്രദ്ധേയമാണ്. ആര്‍ട്ടിസ്റ്റ് ഭട്ടതിരിയുടെ കവര്‍ ഡിസൈന്‍ ലളിതവും മനോഹരവുമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Article, Ibrahim Cherkala, Book, Keerikkalayatha Chila Kurimanangal, P.G Harikumar. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>