Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

30 ഓളം അധ്യാപകരെ ഒറ്റയടിക്ക് മാറ്റി, ഡി.ഡി.ഇ തിരുവനന്തപുരത്തേക്ക് മുങ്ങി; വ്യാപക പ്രതിഷേധം

$
0
0
കാസര്‍കോട്: (www.kasargodvartha.com 15.07.2014) ജില്ലയിലെ നിരവധി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ കുറവുണ്ടെന്ന് കാട്ടി ഡി.ഡി.ഇ 30 ഓളം അധ്യാപകരെ പുനര്‍വിന്യാസത്തിലൂടെ മാറ്റി, തിരുവനന്തപുരത്തേക്ക് മുങ്ങിയത് അധ്യാപകരിലും പ്രധാന അധ്യാപകരിലും നാട്ടുകാരിലും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.

എല്‍.പി സ്‌കൂളില്‍ 1:30, യു.പി സ്‌കൂള്‍ മുതല്‍ ഹൈസ്‌കൂള്‍ വരെ 1:35 അനുപാതമാണ് കണക്കാക്കിയിട്ടുള്ളത്. ഈ അനുപാതത്തില്‍ പെടാത്ത സ്‌കൂളില്‍ നിന്ന് പോലും അധ്യാപകരെ അധ്യാപക ബാങ്കിലേക്ക് മാറ്റി പുനര്‍വിന്യസിച്ചതായാണ് പരാതി.

രണ്ട് ദിവസം മുമ്പാണ് ഡി.ഡി.ഇ സി.രാഘവന്‍ അധ്യാപകരെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ട് ദിവസത്തിനകം നിര്‍ദ്ദേശിച്ച സ്‌കൂളുകളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ജോലിയില്‍ പ്രവേശിക്കാത്തവരെ പിരിച്ച് വിടുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പലരേയും മലയോരത്തേക്കും ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്കുമാണ് മുന്നറിയിപ്പില്ലാതെ മാറ്റിയത്. ഇപ്പോള്‍ സ്ഥലം മാറ്റപ്പെട്ട അധ്യാപകര്‍ പോകുന്നതോടു കൂടി അധ്യാപകര്‍ നിലവില്‍ ജോലി ചെയ്യുന്ന സ്‌കൂളുകളിലെ പഠനം അവതാളത്തിലാവും.

താത്ക്കാലിക അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നും എല്ലാവരേയും വൈകാതെ തന്നെ മാതൃവിദ്യാലയത്തിലേക്ക് നിയമിക്കുമെന്നുമാണ് ഡി.ഡി.ഇ ഓഫീസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. യു.പി സ്‌കൂളുകളില്‍ മാത്രം നിയമനം നടത്തേണ്ട ബി.എഡുകാരായ അധ്യാപകരെ പോലും എല്‍.പി സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുട്ടികളുടെ കുറവ് ചൂണ്ടിക്കാട്ടി അധ്യാപകരെ കൂട്ടത്തോടെ സ്‌കൂളുകളില്‍ നിന്ന് മാറ്റിയത് ഓരോ പ്രദേശത്തേയും നാട്ടുകാരിലും പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്.

സ്ഥലം മാറ്റപ്പെട്ടവര്‍ നിലവില്‍ ജോലി ചെയ്തിരുന്ന സ്‌കൂളുകളില്‍ നിന്ന് തന്നെയാണ് ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാങ്ങേണ്ടത്. ഇതും മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കും. നിരവധി അധ്യാപകര്‍ ഡി.ഡി.ഇ ഓഫീസില്‍ പരാതികളും അപേക്ഷകളുമായി ഹെഡ്മാസ്റ്റര്‍മാരോടൊപ്പം എത്തിയപ്പോള്‍ ഡി.ഡി.ഇ തിരുവനന്തപുരത്താണെന്നും തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയായിരുന്നു. ഡി.ഡി.ഇ യെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണെടുക്കാനും തയ്യാറായില്ലെന്നാണ് പരാതി. ആക്ഷേപം കേള്‍ക്കാന്‍ ബാധ്യസ്ഥനായ ഡി.ഡി.ഇ ബോധപൂര്‍വ്വമാണ് തിരുവനന്തപുരത്തേക്ക് പോയതെന്ന് അദ്ധ്യാപക സംഘടനകള്‍ പറയുന്നു. മറ്റു ജില്ലകളിലൊന്നും പുനര്‍വിന്യാസ ഉത്തരവ് നടപ്പാക്കിയിട്ടില്ലെങ്കിലും പിന്നോക്ക ജില്ലയായ കാസര്‍കോട് മാത്രമാണ് ഡി.ഡി.ഇ തിരക്കിട്ട് ഉത്തരവ് നടപ്പിലാക്കിയത്.

എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമുണ്ടെങ്കില്‍ മാത്രമേ പുനര്‍വിന്യാസം നടത്തേണ്ടതുള്ളൂ എന്ന് ഡി.പി.എ യില്‍ നിന്നും നിര്‍ദ്ദേശമുണ്ടായിരുന്നതായി അധ്യാപക സംഘടനകളും പറയുന്നു. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറച്ച് കൊണ്ട് ജൂലൈ 10 ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പരിഗണിക്കുക പോലും ചെയ്യാതെയാണ് ഡി.ഡി.ഇ പുനര്‍വിന്യാസം സംബന്ധിച്ചുള്ള ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നാണ് പരാതി. ഏതെങ്കിലും സ്‌കൂളുകളില്‍ അധ്യാപകരെ ആവശ്യമുണ്ടെങ്കില്‍ എംപ്ലോയ്‌മെന്റ് വഴി നിയമിക്കണമെന്ന് ഡി.പി.എ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അധ്യാപക നിയമനം ഇതു വരെ നടത്താത്തതാണ് പുനര്‍വിന്യാസത്തിനിടയാക്കിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Kasaragod, Education, Teacher, Teachers, school,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കശ്മീര്‍ സ്വതന്ത്ര്യ രാജ്യമാക്കണം: വേദ് പ്രതാപ് വൈദിക് വീണ്ടും വിവാദത്തില്‍

Keywords: Kasaragod, Education, Teacher, Teachers, school, 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>